"പണി മനസ്സിലാക്കിത്തരാം": നിക്ഷേപകൻ ജീവനൊടുക്കിയതിന് പിന്നാലെ സി.പി.എം നേതാവിൻ്റെ ഭീഷണി സന്ദേശം പുറത്ത്

Update: 2024-12-21 02:57 GMT

ഇടുക്കി:കട്ടപ്പന സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകനായ സാബു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ, സിപിഐഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്. സിപിഐഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയായ വി ആർ സജി , സാബുവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

ബാങ്കിൽ നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് തന്നെ പിടിച്ചു തള്ളിയെന്ന് സാബു ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോൾ ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്ന് സജി തിരിച്ച് ചോദിക്കുന്നുണ്ട്. നിങ്ങൾ വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും നിങ്ങൾക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് , പണി മനസ്സിലാക്കി തരാമെന്നും സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

കഴിഞ്ഞ ദിവസമാണ് കട്ടപ്പന സഹകരണ ബാങ്കിൽ നിക്ഷേപികനായ സാബു ആത്മഹത്യ ചെയ്തത്. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.

Similar News