'അവിടെ മെത്രാന്‍മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് തകര്‍ക്കുന്നു' : വിമര്‍ശനവുമായി യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

Update: 2024-12-24 07:14 GMT

തൃശൂര്‍: ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.

''അവിടെ മെത്രാന്മാരെ ആദരിക്കുമ്പോള്‍ ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയാണ്.ഡല്‍ഹിയില്‍ നടന്നത് നാടകമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നും മാര്‍ മിലിത്തിയോസ് പരിഹസിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്തെത്തിയത്.

''ഒരിടത്ത് പ്രധാനമന്ത്രി പുല്‍ക്കൂട് വണങ്ങുന്നു. പാലക്കാട് പുല്‍ക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ്, പാര്‍ട്ടിയുടെ ആളുകള്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. ഇതിനെ ഒരു നാടകമായിട്ടാണ് കാണുന്നത്'' യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മാധ്യമങ്ങളോട് പറഞ്ഞു. ഊതിക്കൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പരിഹസിച്ചു. അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടു, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിക്കുന്നു. ബി.ജെ.പിയുടെ നാടകം തന്നെയാണ് മണിപ്പൂരിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar News