മടക്കമില്ലാത്ത ലോകത്തേക്ക് നാല് പേരും.. വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി; കണ്ണീരൊഴുക്കി നാട്..

Update: 2024-12-13 06:32 GMT

പാലക്കാട്: പനയമ്പാടത്ത് ലോറി ഇടിച്ച് മരിച്ച നാല് വിദ്യാര്‍ഥിനികളുടെയും മൃതദേഹങ്ങള്‍ തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കി. ഒരു ഖബറില്‍ തന്നെ നാല് ഖബറുകള്‍ ഒരുക്കിയാണ്  നാല് പേരെയും അടക്കം ചെയ്തത്. പാലക്കാട് ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പുലര്‍ച്ചെയാണ് ചെറുവള്ളിയിലെ വീടുകളിലെത്തിച്ചത്. പിന്നീട് കരിമ്പിനല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ചേതനയറ്റ ശരീരം കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. കൂട്ടുകാരികളും അധ്യാപകരും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴി നല്‍കി. തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വ്യാഴാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സിമന്റ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് മേലെ മറിയുകയായിരുന്നു. കരിമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ റിദ (13) , ഇര്‍ഫാന ഷെറിന്‍ (13) , നിദ ഫാത്തിമ (13) , അയിഷ (13) എന്നിവരാണ് അതിദാരുണമായി മരണപ്പെട്ടത്.

Similar News