'താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലം പൊലീസ് കസ്റ്റഡിയില്‍'
കോഴിക്കോട്: താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലം പൊലീസ് കസ്റ്റഡിയില്‍. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ റഹിം അസ്ലം എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെട്ട വിവരം അറിഞ്ഞ് പൊലീസ് വീട്ടുകാരുടെ മൊഴി എടുത്തിരുന്നു. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് റഹിം അസ്ലം ഒപ്പം പോയതെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ ദുരവസ്ഥ കണ്ടാണ് റഹിം കൂടെ പോയതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
താനൂരിലെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ കൂട്ടുകാരികള്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍ നിന്നിറങ്ങിയത്. യാത്രചെയ്യാനുള്ള താത്പര്യം കൊണ്ടും മുടിമുറിച്ച് സ്‌റ്റൈലാകണമെന്ന ആഗ്രഹം വീട്ടുകാര്‍ അനുവദിക്കാത്തതുകൊണ്ടുമൊക്കെയാണ് യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് കുട്ടികള്‍ പറഞ്ഞത്.
പരീക്ഷയ്ക്ക് സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് രണ്ടുപേരും വീട്ടില്‍ നിന്നിറങ്ങിയത്. ഒരാള്‍ക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതുന്ന കുട്ടി എത്താതായപ്പോള്‍ സ്‌കൂളില്‍ നിന്ന് വിളിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കോഴിക്കോട്ടായിരുന്നു. അതിനുശേഷം ഫോണ്‍ ഓണായില്ല. രണ്ടുപേരുടെയും നമ്പറിലേക്ക് അവസാനം വന്ന വിളി എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറില്‍ നിന്നായിരുന്നു. അന്വേഷണത്തില്‍ നിന്നും ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായതാണ് ഇവര്‍ എന്ന് കണ്ടെത്തി. ഏതാനും മണിക്കൂറുകള്‍ക്കുശേഷം മുംബൈക്കടുത്ത് പന്‍വേലില്‍ യുവാവിന്റെ മൊബൈല്‍ ഓണായി. ഇതോടെ മൂവരും ഒരുമിച്ച് മുംബൈയിലേക്കാണ് യാത്ര എന്ന നിഗമനത്തിലെത്തി പൊലീസ്.
കേരള പൊലീസ് അറിയച്ചതനുസരിച്ച് മുംബൈ പൊലീസും അവിടുത്തെ മലയാളി സമാജം പ്രവര്‍ത്തകരും മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തകരും വ്യാപകമായി അന്വേഷണം തുടങ്ങി. വൈകാതെ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനടുത്ത് മലയാളിയായ ലൂസി നടത്തുന്ന ബ്യൂട്ടിപാര്‍ലറിലാണ് കുട്ടികള്‍ ഉള്ളതെന്നു വ്യക്തമായി.
പൊലീസ് എത്തുമ്പോഴേക്കും കുട്ടികള്‍ അവിടെനിന്ന് ഇറങ്ങിയിരുന്നു. നീണ്ട മുടിയുണ്ടായിരുന്ന കുട്ടികള്‍ മുടി മുറിച്ചു, സ്‌ട്രെയിറ്റന്‍ ചെയ്തു, മുഖത്ത് കാര്യമായ പരിചരണങ്ങള്‍ നടത്തി. മൊബൈല്‍ ഉള്‍പ്പെടെയുള്ളവ കളവുപോയെന്നും മുംബൈയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നുമാണ് ബ്യൂട്ടി പാര്‍ലറില്‍ പറഞ്ഞത്. കുട്ടികളോട് സംസാരിച്ചത് അവിടെയുണ്ടായിരുന്ന മലയാളികളാണ്.
പന്‍വേലിലേക്കു പോകാനുള്ള വഴികള്‍ ചോദിച്ചിട്ടാണ് ബ്യൂട്ടിപാര്‍ലറില്‍ നിന്ന് ഇറങ്ങിയത്. ഇതിനിടെ അവര്‍ പുതിയ സിം വാങ്ങുകയും അത് മാറ്റിയിടാനായി ഫോണ്‍ ഓണാക്കുകയും ചെയ്തപ്പോള്‍ വീണ്ടും മൊബൈല്‍ ലൊക്കേഷന്‍ കിട്ടി. കുട്ടികള്‍ തീവണ്ടിയിലാണെന്ന് പൊലീസ് ഉറപ്പിച്ചു. വിവരം മുംബൈ പൊലീസിനെ അറിയിച്ചതോടെ തീവണ്ടിയില്‍ കുട്ടികളെ കണ്ടെത്തി.
അര്‍ധരാത്രിതന്നെ രക്ഷിതാക്കളെ വിളിച്ച് വിവരമറിയിച്ചു. പുലര്‍ച്ചെ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള താനൂര്‍ പൊലീസ് സംഘം പുണെയിലേക്കു തിരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കുട്ടികളെ ഏറ്റുവാങ്ങി. വൈകിട്ട് ആറുമണിയോടെ ഗരീബ് രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍ നിന്നു യാത്രതിരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരൂരില്‍ എത്തും.
വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തില്‍ ഇടപെട്ട് മുംബൈയില്‍ നല്ല പരിചയമുള്ളയാളാണ് കസ്റ്റഡിയിലായ യുവാവ്. കുട്ടികളുടെ നിര്‍ബന്ധം കൊണ്ടാണ് ഒപ്പം പോയതെന്നാണ് യുവാവ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത്രദൂരം യാത്രചെയ്യാനും സ്വര്‍ണം വില്‍ക്കാനും ബ്യൂട്ടിപാര്‍ലര്‍ കണ്ടെത്താനും പുതിയ സിംകാര്‍ഡ് വാങ്ങാനുമൊക്കെ ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗണ്‍സിലിങ്ങും നല്‍കും. യാത്രയോടുള്ള താല്‍പര്യം കൊണ്ടു പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ കുട്ടികളില്‍നിന്നു നേരിട്ടു ചോദിച്ചറിയേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കുട്ടികളെ കൂടുതല്‍ സമ്മര്‍ദത്തില്‍പെടുത്താതിരിക്കാനാണ് പൊലീസ് ശ്രദ്ധവെക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.
താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദ്, സി.ഐ. ജോണി ജെ. മറ്റം, എസ്.ഐ.മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.