സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വന്‍ കുതിപ്പ്; ജനങ്ങള്‍ക്ക് ന്യായ വിലക്ക് ലഭ്യമാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
മറ്റ് സാധനങ്ങള്‍ക്ക് വില കുതിക്കുന്നതിനിടെയാണ് വെളിച്ചെണ്ണ വിലയുടേയും കുതിപ്പ്;
തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വന്‍ കുതിപ്പ് തുടരുകയാണ്. നിത്യോപയോഗത്തിന് വെളിച്ചെണ്ണ അത്യാവശ്യമാണെന്നിരിക്കെ ചില്ലറ വിപണിയില്‍ വില ലിറ്ററിന് 525ന് മുകളിലെത്തി നില്‍ക്കുകയാണ്. മറ്റ് സാധനങ്ങള്‍ക്ക് വില കുതിക്കുന്നതിനിടെയാണ് വെളിച്ചെണ്ണ വിലയും ദിനം പ്രതി കുതിക്കുന്നത്. ഈ അവസ്ഥയില്‍ കുടുംബ ബജറ്റുകള്‍ താളം തെറ്റുമെന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍.
വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനിടെയാണ് കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രഖ്യാപിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകള്‍
നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നല്‍കിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നല്‍കുന്നത്. സ്റ്റോക്ക് പരിമിതമാണ്. വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയില്‍ വില്‍ക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമം നടക്കുന്നു. ഓണവിപണിയില്‍ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട് ലെറ്റില്‍ ന്യായ വിലക്ക് ലഭ്യമാക്കും.
മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയടക്കം നടത്തും. കേരളത്തില്‍ നാളികേരം കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും മന്ത്രി വിശദീകരിച്ചു.