ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

26125 ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ പ്രതിമാസം കിട്ടുന്ന വിധത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്;

Update: 2025-06-22 11:00 GMT

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാന്‍ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ 26125 ആശാ വര്‍ക്കര്‍മാര്‍ക്ക് 7000 രൂപ പ്രതിമാസം കിട്ടുന്ന വിധത്തിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. ഇതിനായി 54,86,25,000 രൂപയാണ് അനുവദിച്ചത്.

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഓണറേറിയം ആയി നല്‍കേണ്ട തുകയാണ് മുന്‍കൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുന്‍കൂറായി അനുവദിക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. അതില്‍ പകുതി തുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്‍.എച്ച്.എമ്മിന് സര്‍ക്കാരില്‍ നിന്ന് അനുവദിക്കുന്ന തുക ആശമാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്.

2005ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ആശാ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിലവില്‍ ഇരുപത്തിയാറായിരത്തിന് മുകളില്‍ ആശമാരാണുള്ളത്. ഇവര്‍ക്ക് 500 രൂപയായിരുന്നു തുടക്കത്തില്‍ ഓണറേറിയം നല്‍കിയിരുന്നത്. 2016ല്‍ അത് ആയിരം രൂപയായി. എല്‍ഡിഎഫ് സര്‍ക്കാരാണ് ആയിരത്തില്‍ നിന്ന് ഏഴായിരം രൂപയാക്കിയത്. ഈ തുക സംസ്ഥാനമാണ് നല്‍കുന്നത്.

ആശമാര്‍ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്നത് കേരളത്തിലാണ്. ഓണറേറിയത്തിനു പുറമേയുള്ള ഇന്‍സെന്റീവില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഇതിലാണ് കേന്ദ്രം നല്‍കേണ്ട നൂറുകോടി കുടിശ്ശികയായത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെങ്കിലും സംസ്ഥാനം ഇതുംകൂടി ചേര്‍ത്താണ് വിതരണം ചെയ്തത്.

കൃത്യമായി ജോലി ചെയ്യുകയാണെങ്കില്‍ ഇന്‍സെന്റീവ് ഉള്‍പ്പെടെ കേരളത്തിലെ ആശയ്ക്ക് പ്രതിമാസം 13,200 രൂപവരെ ലഭിക്കും. കേന്ദ്രവിഹിതം മുടങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വേതനം നല്‍കുന്നു. ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിന് ഒപ്പം നിലവിലെ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.

Similar News