'മരുമകന്‍ അമ്മായിയമ്മയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി', ഇരുവര്‍ക്കും ദാരുണാന്ത്യം

Update: 2025-02-05 06:53 GMT

പാലാ: ഭാര്യ ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ മരുമകന്‍, അമ്മായിയമ്മയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഇരുവരും മരിച്ചു. അന്ത്യാളം പരവന്‍ പറമ്പില്‍ സോമന്റെ ഭാര്യ നിര്‍മല (58), മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അന്ത്യാളത്താണ് ദാരുണ സംഭവം നടന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ഇരുവരും മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മനോജിനെതിരെ വീട്ടുകാര്‍ മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മനോജിന്റെ ഭാര്യ ജോലിക്ക് പോകുന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ആറുവയസ്സുകാരനായ മകനുമായി ഭാര്യവീട്ടിലെത്തിയ മനോജ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഭാര്യാമാതാവിന്റെ ദേഹത്തും സ്വന്തം ദേഹത്തും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സംഭവസമയത്ത് നിര്‍മലയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. നിര്‍മലയെ കൂടാതെ വല്യമ്മയും വീട്ടിലുണ്ടായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇന്ന് രാവിലെയോടെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Similar News