ലഹരിക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കവുമായി ഷൈന്‍ ടോം ചാക്കോ

ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കില്‍ ഇക്കാര്യത്തില്‍ നിയമനടപടികള്‍ തുടങ്ങാനാണ് താരത്തിന്റെ നീക്കം;

Update: 2025-04-20 06:18 GMT

കൊച്ചി : ലഹരിക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കവുമായി അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ. എഫ്.ഐ.ആര്‍ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈന്‍ അഭിഭാഷകരെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ദുര്‍ബലമായ എഫ്.ഐ.ആറാണ് പൊലീസ് ചുമത്തിയതെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് താരത്തിന്റെ നീക്കം. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കില്‍ ഇക്കാര്യത്തില്‍ നിയമനടപടികള്‍ തുടങ്ങാനാണ് താരത്തിന്റെ നീക്കം എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ എന്‍.ഡി.പി.എസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന്‍ പുറത്തിറങ്ങിയത്. ഷൈന്‍ തെളിവ് നല്‍കാതിരിക്കാന്‍ രക്ഷപ്പെട്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുര്‍ഷിദ് എന്നയാളുമായി ഹോട്ടല്‍ മുറിയില്‍ എത്തിയത് എന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഞായറാഴ്ച നടന്റെ ഒപ്പമിരുത്തി മുര്‍ഷിദിനെ ചോദ്യം ചെയ്തു. ഷൈന്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴി തുറന്നേക്കും. ഷൈന്‍ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ തുടര്‍ നീക്കങ്ങളാകും ഇത് തീരുമാനിക്കുക.

ആലപ്പുഴയില്‍ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന കാര്യവും ഷൈന്‍ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈന്‍ തുറന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാല്‍ താന്‍ അവിടെ നിന്ന് പാതിവഴിയില്‍ ചികിത്സ നിര്‍ത്തി മടങ്ങിയെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു.

ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ആന്റി ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലമാണ് ഇനി നിര്‍ണായകം. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ താരം പതറുകയായിരുന്നു. ഒപ്പം ഷൈന്റെ ഫോണ്‍ കോളുകളും നിര്‍ണായകമായി.

വന്‍ സംഘമാണ് ശനിയാഴ്ച താരത്തെ ചോദ്യം ചെയ്തത്. എസിപിമാരായ സി. ജയകുമാര്‍, രാജ് കുമാര്‍, സലാം, ഇന്‍സ്‌പെക്ടര്‍മാര്‍, പിന്നെ മൊഴി റെക്കോഡ് ചെയ്യാനും രേഖപ്പെടുത്താനുമുള്ളവര്‍.

Similar News