ഷഹബാസ് കൊലപാതകം: കുറ്റാരോപിതര്‍ പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധം;എംഎസ്എഫ്, കെ.എസ്.യു മാര്‍ച്ച്

Update: 2025-03-03 04:10 GMT

കോഴിക്കോട്: താമരശ്ശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയരായ കുട്ടികള്‍ പരീക്ഷ എഴുതുന്നതിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കാന്‍ തീരുമാനിച്ച വെള്ളിമാടുകുന്ന് ജുവൈനല്‍ ഹോമിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എം.എസ്.എഫ് , കെ.എസ്.യു , യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇവരെ പൊലീസ് തടഞ്ഞു.

കെയര്‍ ഹോമിന് മുന്‍പില്‍ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കെ എസ് യുവിന്റെയും എം എസ് എഫിന്റെയും തീരുമാനം. കുറ്റാരോപിതരായവരുടെ പരീക്ഷാ കേന്ദ്രം ആദ്യഘട്ടത്തില്‍ താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയിരുന്നു തീരുമാനിച്ചത്. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് കോഴിക്കോട് വെള്ളിമാടുകുന്നിലേക്ക് മാറ്റുകയായിരുന്നു.

താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. ട്യൂഷന്‍ സെന്ററില്‍ നടന്ന യാത്രയയപ്പ് പരിപാടിയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു.അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഷഹബാസ് മരിച്ചത്. തലയോട്ടി തകര്‍ന്നാണ് ഷഹബാസിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Similar News