ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിത്വതില്‍;സാങ്കേതിക തകരാര്‍ പരിഹരിക്കാനായില്ല

തകരാര്‍ പരിഹരിക്കാനായി യുദ്ധക്കപ്പലില്‍ നിന്നെത്തിയ വിദഗ്ധരും പൈലറ്റും തിരിച്ചുപോയി;

Update: 2025-06-21 04:44 GMT

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിത്വതില്‍. കഴിഞ്ഞ ആറുദിവസമായി സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ഇവിടെ ലാന്‍ഡ് ചെയ്തിരിക്കയാണ്.

തകരാര്‍ പരിഹരിക്കാനായി യുദ്ധക്കപ്പലില്‍ നിന്നെത്തിയ വിദഗ്ധരും പൈലറ്റും തിരിച്ചുപോയി. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനീയര്‍മാര്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ഒരു ജോലിയും നടക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

യുദ്ധവിമാനം എഫ്-35ബിക്ക് ഹാങ്ങര്‍ സ്ഥലം നല്‍കാമെന്ന എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ബ്രിട്ടീഷ് റോയല്‍ നേവി അത് നിരസിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ തുടരാമെന്നാണ് ബ്രിട്ടീഷ് നേവി അറിയിച്ചത്. ബ്രിട്ടീഷ് നാവികസേനയുടെ അഭ്യര്‍ഥന പ്രകാരം ഹാംഗറിനുള്ളില്‍ മാറ്റില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ നിര്‍മിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്. സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗര്‍ സ്ഥലം അനുവദിക്കാനുള്ള എയര്‍ ഇന്ത്യയുടെ വാഗ്ദാനം റോയല്‍ നേവി നിരസിച്ചതിന്റെ പ്രധാന കാരണമെന്നും പേരുവെളിപ്പെടുത്താത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, അന്തിമ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി ഹാംഗറിനുള്ളില്‍ മാറ്റുന്നത് പരിഗണിച്ചേക്കാമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

റോയല്‍ നേവിയുടെ എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ വിമാനം പതിവ് പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്നപ്പോള്‍ കേരളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. സംഭവസമയത്ത് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്നു.

ഇന്ധനം കുറവായതിനാല്‍ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ലാന്‍ഡ് ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു, എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കി.

Similar News