ഡിജിപിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന അരികിലെത്തി പരാതിയില്‍ നടപടിയാവശ്യപ്പെട്ട് മുന്‍ പൊലീസുകാരന്‍
പരാതിയുമായി അപ്രതീക്ഷിതമായി പൊലീസ് മേധാവിയുടെ മുന്നിലേക്കെത്തിയത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്;
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ എ.ചന്ദ്രശേഖര്‍ ചുമതലയേറ്റു. അതേസമയം ഡിജിപിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പരാതിക്കാരനായ ഒരു വ്യക്തി മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ ഡിജിപിയുടെ അരികിലെത്തി തന്റെ പരാതിയില്‍ നടപടിയാവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഇയാള്‍ പറഞ്ഞത്.
ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കുന്നതിനിടെ ഇടയില്‍ കയറി വന്നാണ് പരാതിക്കാരന്‍ സംസാരിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. എന്നാല്‍ ഈ പരാതിക്കാരന്‍ ആരാണെന്നോ, എന്തായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
പരാതി പരിശോധിക്കാമെന്ന് വാര്‍ത്താസമ്മേളനത്തിനിടെ റവാഡ ചന്ദ്രശേഖര്‍ ഇദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരന്‍ വാര്‍ത്താസമ്മേളനം നടന്ന ഹാളിലേക്ക് ഓടിക്കയറിയത്.
പരാതിയുമായി അപ്രതീക്ഷിതമായി പൊലീസ് മേധാവിയുടെ മുന്നിലേക്കെത്തിയത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. പൊലീസ് മേധാവിക്കൊപ്പം എഡിജിപി എച്ച്.വെങ്കിടേഷും എഡിജിപി എസ്. ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. ബഷീര്‍ വി.പി.എന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നും ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് ഐഡി ഉപയോഗിച്ചാണ് കയറിയത്. ഇപ്പോള്‍ ഗള്‍ഫിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകനാണ്. കണ്ണൂര്‍ ഡിഐജി ഓഫിസിലാണ് എസ്.ഐയായി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് ഡിജിപിയോടെ പരാതി പറഞ്ഞത്. കണ്ണൂര്‍ വിമാനത്താവളത്തിലാണ് അവസാനമായി ജോലി ചെയ്തത്. 2023ല്‍ വിരമിച്ചെന്നും ഇയാള്‍ പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവിയാകാന്‍ അവസരം നല്‍കിയതിന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാഡ ചന്ദ്രശേഖര്‍ സംസാരിച്ചു തുടങ്ങിയത്. ലഹരി വ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ നടപടിയുണ്ടാകും. സൈബര്‍ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങള്‍ക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.