ലൈംഗിക ആരോപണം: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
ഒരു പാര്‍ട്ടി നേതാവും തന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അത് തന്റെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും നേതാവ്;
തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി രാജിവച്ചു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് രാജി എഴുതിവാങ്ങാന്‍ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നല്‍കിയ പരാതികളും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാന്‍ഡ് കടന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിലിന് അടുത്ത തെരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനവും ഹൈക്കമാന്‍ഡ് എടുത്തതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
രാജി പ്രഖ്യാപിച്ച രാഹുല്‍, താന്‍ എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടല്ല പദവി രാജിവയ്ക്കുന്നതെന്നും മറിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനാണെന്നും വ്യക്തമാക്കി.
'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം, അടുത്ത നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് അവര്‍ക്ക് ഒരുപാട് ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. എന്നെ ന്യായീകരിച്ച് സമയം കളയാന്‍ കഴിയില്ല. ഞാന്‍ അവരുടെ സമയത്തെ ബഹുമാനിക്കുന്നു. സിപിഐ (എം) സര്‍ക്കാരിനെതിരെ ഞങ്ങള്‍ ശക്തമായി പോരാടുകയും തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യും. ഒരു പാര്‍ട്ടി നേതാവും തന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അത് തന്റെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്' എന്നും രാഹുല്‍ പറഞ്ഞു.
നടിയും മുന്‍ മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജും, എഴുത്തുകാരി ഹണി ഭാസ്‌കരനും ഉന്നയിച്ച പീഡന ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ അധ്യക്ഷ പദവി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ കുറ്റക്കാരനാണെങ്കില്‍ രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ചുനിന്നു.
കഴിഞ്ഞദിവസമാണ് റിനി രാഹുലിനെതിരെ ആരോപണം ഉന്നയിച്ചത്. രാഹുലിന്റെ പേര് എടുത്തുപറയാതെയായിരുന്നു ആരോപണം. ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയിലെ യുവ നേതാവ് തന്നെ നിരന്തരം അപമാനിക്കുന്ന സന്ദേശങ്ങള്‍ അയച്ചതായും തന്നെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചതായുമായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തുടരുന്നുവെന്നും താരം പറഞ്ഞു.
പിന്നാലെ എഴുത്തുകാരി ഹണി ഭാസ്‌കരനും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. രാഹുലിന്റെ പേര് പറഞ്ഞുകൊണ്ടായിരുന്നു ആരോപണം. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹണി ആരോപിച്ചു.
നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇരട്ടപ്പദവിയാണ് വഹിക്കുന്നത്. എംഎല്‍എ പദവിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും. എംഎല്‍എ ആയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റുന്നതിനെ കുറിച്ച് നേതൃതലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി മുഖം രക്ഷിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഹുലിനെതിരെ നടപടി എടുക്കാതിരുന്നാല്‍ അത് തിരിച്ചടിയാകുമെന്ന ഘടകവും നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.