വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
200ല്‍ പരം കപ്പലുകള്‍ ഇതിനോടകം തന്നെ വന്നുപോയ വിഴിഞ്ഞം, രാജ്യത്തെ ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമായ തുറമുഖമായാണ് കണക്കാക്കുന്നത്.;
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഔപചാരികമായ ഉദ് ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്. 200ല്‍ പരം കപ്പലുകള്‍ ഇതിനോടകം തന്നെ വന്നുപോയ വിഴിഞ്ഞം, രാജ്യത്തെ ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമായ തുറമുഖമായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ തുറമുഖത്ത് ചരക്കു നീക്കം ആരംഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എം.എസ്.സി തുര്‍ക്കി കഴിഞ്ഞയാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്. പി.പി.പി മാതൃകയില്‍ പണി പൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ തുറമുഖനിര്‍മാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. പൂര്‍ണമായും ട്രാന്‍സ് ഷിപ് മെന്റ് തുറമുഖമായി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതായി കഴിഞ്ഞമാസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പായതോടെ ആദ്യഘട്ടത്തിന്റെ കമ്മിഷനിംഗ് തീയതി ഉറപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിംഗ് തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, സംസ്ഥാന തുറമുഖ മന്ത്രി വി എന്‍ വാസവന്‍, വ്യവസായ മന്ത്രി പി. രാജീവ്, ഡോ.ശശി തരൂര്‍ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവര്‍ ഉദ് ഘാടന ചടങ്ങില്‍ പങ്കെടുക്കും.