ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

കനത്ത സുരക്ഷയില്‍ പൊലീസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്;

Update: 2025-10-22 07:01 GMT

പത്തനംതിട്ട: നാലുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ചൊവ്വാഴ്ചയാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്. ബുധനാഴ്ച രാവിലെ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദര്‍ശനം പൂര്‍ത്തിയാക്കി. പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷം കെട്ടുനിറച്ചതിന് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പൊലീസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

രാവിലെ 7.30 ഓടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട രാഷ്ട്രപതി തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് പോയി. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പത് മണിയോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു.

പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.

ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Similar News