അരകിലോ മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു; ആദിവാസി യുവാവിനെതിരായ കൊടുംക്രൂരതയില്‍ പൊലീസ് കേസെടുത്തു

Update: 2024-12-16 05:49 GMT

വയനാട്: മാനന്തവാടിയില്‍ ആദിവായി യുവാവിനെ കാറിന്റെ ഡോറില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസെടുത്തു. കെ.എല്‍ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിലെത്തിയ സംഘമാണ് അതിക്രമം നടത്തിയത്. വാഹനത്തിന്റെ ഉടമ കുറ്റിപ്പുറം പുല്ലംപാടം വീട്ടില്‍ മുഹമ്മദ് റിയാസ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.  കാറിലുണ്ടായിരുന്നവര്‍ ആരൊക്കെയാണെന്ന് അന്വേഷിച്ചുവരികയാണ്.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടല്‍കുടവ് ചെമ്മാട് സ്വദേശി മാതനാണ് അതിക്രൂര അതിക്രമത്തിന് ഇരയായത്. മാനന്തവാടി പയ്യംപള്ളി കൂടല്‍കടവില്‍ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാത്തന്‍ ഇടപെട്ടതാണ് പ്രകോപനം. കല്ല് കൊണ്ട് ആക്രമിക്കാനൊരുങ്ങിയ ആളെ തടയാന്‍ മാതന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മാതനെ കാറിന്റെ ഡോറില്‍ കൈ കുടുക്കി മാനന്തവാടി-പുല്‍പ്പള്ളി റോഡിലൂടെ അര കിലോ മീറ്ററോളം  വലിച്ചിഴക്കുകയായിരുന്നു. രണ്ട് കാലിനും അരക്കെട്ടിനും ഗുരുതര  പരിക്കേറ്റ മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Similar News