'ഓടിയത് തന്നെ ആരോ ആക്രമിക്കാന്‍ വന്നതാണെന്ന് ഭയന്ന്; പോയത് തമിഴ് നാട്ടിലേക്ക്'; ഷൈന്‍ ടോം ചാക്കോയുടെ ഗൂഗിള്‍ പേ ഇടപാടുകളും ഫോണുകളും പൊലീസ് പരിശോധിക്കുന്നു

ഹോട്ടലില്‍ ലഹരി പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങളാണ് പ്രധാനമായും ചോദിക്കുന്നത്.;

Update: 2025-04-19 07:17 GMT

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഒന്നരമണിക്കൂറോളമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്നാണ് താരം പൊലീസിനോട് പറഞ്ഞത്. തന്നെ ആരോ അക്രമിക്കാന്‍ വന്നതാണെന്ന് ഭയന്നുവെന്നും പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. താന്‍ പോയത് തമിഴ് നാട്ടിലേക്കാണെന്നും ഷൈന്‍ പറഞ്ഞു.

സെന്‍ട്രല്‍ എസിപി സി.ജയകുമാര്‍, നാര്‍ക്കോട്ടിക് എസിപി കെ.എ. അബ്ദുള്‍ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ സംഭവവും അതിനു ശേഷമുണ്ടായ കാര്യങ്ങളുമാണ് പ്രധാനമായും താരത്തില്‍ നിന്നും ചോദിച്ചറിയുന്നത്.

അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണുകള്‍ പൊലീസ് പരിശോധിക്കുകയാണ്. വാട് സ് ആപ്പ് ചാറ്റുകളും കോളുകളുമാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. നടത്തിയ ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോണ്‍ ഇത് തന്നെ ആണോ എന്ന സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകള്‍ക്ക് മറ്റ് ഫോണ്‍ ഉണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്നാണ് ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഒരു ഫോണ്‍ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്.

ഹോട്ടലില്‍ ലഹരി പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങളാണ് പ്രധാനമായും ചോദിക്കുന്നത്. ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ചോദ്യംചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സ്‌റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പൊലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Similar News