പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി എ പീതാംബരന്‍ അടക്കമുള്ളവര്‍ക്ക് പരോള്‍

ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്;

Update: 2025-09-30 11:26 GMT

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി അടക്കം രണ്ടുപേര്‍ക്ക് കൂടി പരോള്‍. ഒന്നാം പ്രതി എ പീതാംബരനും, രണ്ടാം പ്രതി സജി സി. ജോര്‍ജിനും ഏഴാം പ്രതി എ. അശ്വിനും ആണ് ഉപോധികളോടെ പരോള്‍ അനുവദിച്ചത്. ഒരു മാസത്തേക്കാണ് പരോള്‍. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

പരോളിന് പിന്നാലെ പീതാംബരന്‍ ജില്ലയില്‍ എത്തി. അഞ്ചാം പ്രതി ഗിജിന്‍ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്ണു സുരയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതേസമയം പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പെരിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ പറഞ്ഞു. ഒന്നാംപ്രതി പീതാംബരന് 2022ല്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയത് വിവാദമായിരുന്നു.

പതിനഞ്ചാം പ്രതി എ.സുരേന്ദ്രന്റെ (വിഷ്ണു സുര) പരോള്‍ അപേക്ഷയില്‍ ബേക്കല്‍ പൊലീസിന്റെയും കൊല്ലപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ രക്ഷിതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. പരോള്‍ അനുവദിക്കരുതെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. ക്രമസമാധാന പ്രശ്‌നം കാരണം പരോള്‍ അനുവദിക്കരുതെന്നു ബേക്കല്‍ പൊലീസും റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. പൊലീസിന്റെയും ജയില്‍ ഉപദേശക സമിതിയുടെയും റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പാണ് പരോള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരത്തിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

Similar News