പൊട്ടിക്കരഞ്ഞ് അമ്മമാര്‍; 'കടുത്ത ശിക്ഷ കിട്ടണം'

Update: 2024-12-28 06:54 GMT

കാസര്‍കോട്; പെരിയ ഇരട്ടക്കൊല കേസില്‍ വിധി അറിഞ്ഞയുടന്‍ പൊട്ടിക്കരയുകയായിരുന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍. മക്കളെ കൊലപ്പെടുത്തിയവര്‍ക്ക് കടുത്ത ശിക്ഷ കിട്ടണമെന്ന് ശരത് ലാലിന്റെ അമ്മ ലത പറഞ്ഞു. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. വിധി തൃപ്തികരമെന്ന് തോന്നുന്നില്ലെന്നും ലത പറഞ്ഞു. നീതി കിട്ടിയെന്ന് തോന്നുന്നുവെന്ന് കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും കടുത്ത ശിക്ഷ പ്രതികള്‍ക്ക് കിട്ടട്ടെയെന്നും ബാലാമണി പറഞ്ഞു. വിധിക്ക് പിന്നാലെ ശരത് ലാലിന്റെ സ്മൃതി മണ്ഡപത്തില്‍ അമ്മ പുഷ്പാര്‍ച്ചന നടത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള മറ്റു നേതാക്കളും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. വിധിയില്‍ പൂര്‍ണ തൃപ്തരല്ലെന്നും 14 പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും കേസിലെ സാക്ഷികളിലൊരാള്‍ കൂടിയായ കൃപേഷിന്റെ സഹോദരി കൃപ പ്രതികരിച്ചു. പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ ഉള്‍പ്പെടെയുള്ള നിയമപരമായ കാര്യങ്ങളെക്കുറിച്ചും ആലോചിക്കുമെന്നും സഹോദരി പറഞ്ഞു.

Similar News