ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ദുല്‍ഖര്‍ സല്‍മാനുമെതിരെ നോട്ടീസ്
ദുല്‍ഖര്‍ സല്‍മാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താന്‍ ഈ അരി വാങ്ങിയതെന്ന് പരാതിക്കാരന്‍;
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയില്‍, അരി ബ്രാന്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ ദുല്‍ഖര്‍ സല്‍മാനുമെതിരെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇരുവരോടും ഡിസംബര്‍ മൂന്നിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ കാറ്ററിംഗ് കോണ്‍ട്രാക്ടര്‍ പിഎന്‍ ജയരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ നോട്ടീസ് അയച്ചതെന്ന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരന്‍ വിവാഹ ചടങ്ങിന് ബിരിയാണി വെക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബ്രാന്‍ഡ് അംബാസഡറായ റോസ് ബ്രാന്‍ഡ് അരിയാണ് വാങ്ങിയിരുന്നതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ അരിച്ചാക്കില്‍ പാക്ക് ചെയ്ത ഡേറ്റും എക്സ്പെയറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.
2025 ഓഗസ്റ്റ് 24 ന് ആണ് പരാതിക്ക് ആസ്പദമായിട്ടുള്ള സംഭവം നടന്നത്. കോന്നി വള്ളിക്കോട്ടില്‍ ഒരു വിവാഹ സല്‍ക്കാരത്തിനായി ബിരിയാണി തയ്യാറാക്കാന്‍ 50 കിലോഗ്രാം റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ആണ് വാങ്ങിയത്.
ഈ അരി വെച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും തന്റെ ബിസിനസിന്റെ സത്കീര്‍ത്തി കളങ്കപ്പെട്ടതിന് ഇവരാണ് കാരണക്കാരെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
അരി വിറ്റ മലബാര്‍ ബിരിയാണി ആന്റ് സ്‌പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്. എങ്കിലും ബ്രാന്‍ഡ് അംബാസഡറായ ദുല്‍ഖര്‍ സല്‍മാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മാനേജര്‍ രണ്ടാം പ്രതിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താന്‍ ഈ അരി വാങ്ങിയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ഡിസംബര്‍ 12 ന് മൂന്ന് പേരോടും ഹാജരാകാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്ക് ചെലവായ 10, 250 രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ ഇതുവരെ, നോട്ടീസിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെയോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ പ്രതിനിധികളില്‍ നിന്നോ ഔദ്യോഗിക പ്രസ്താവന ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയെയും ഉപഭോക്തൃ സംരക്ഷണത്തെയും കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളും ബ്രാന്‍ഡുമായുള്ള നടന്റെ ബന്ധവും കാരണം കേസ് പൊതുജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.