ശരീരഭാഗങ്ങളില്‍ ചതവ്; ഗുരുതര രോഗങ്ങള്‍; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Update: 2025-02-15 07:33 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധിയിരുത്തിയെന്ന് മക്കള്‍ അവകാശപ്പെട്ട ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹം പുറത്തെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. മുഖത്തും മൂക്കിലും തലയിലുമായി നാലുഭാഗത്ത് പരുക്കുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വലതുചെവിയുടെ പിന്‍ഭാഗത്തായി തലയോട്ടിയിലും മുഖത്തിന്റെ രണ്ടുഭാഗത്തും മൂക്കിലുമാണ് ചതവുകള്‍ കാണപ്പെട്ടത്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളില്ലെന്നും ഇവ മരണത്തിന് മുമ്പുണ്ടായതാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

ഭസ്മവും കര്‍പ്പൂരവുമിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. സമാധി മണ്ഡപത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മുഖം വികൃതമായിത്തുടങ്ങി. കാവി വസ്ത്രം ധരിപ്പിച്ച് കഴുത്തില്‍ ഉണങ്ങിത്തുടങ്ങിയ മുല്ലമാലയും രുദ്രാക്ഷവും ധരിപ്പിച്ച നിലയിലായിരുന്നു മൃതദേഹം പുറത്തെടുത്തത്. വലതുകൈയ്യില്‍ ആറുതവണ ചുറ്റിയ കറുപ്പ് ചരടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോപന് ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിവര്‍ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികള്‍ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലില്‍ ഗുരുതരമായ നിലയില്‍ അള്‍സറുണ്ടായിരുന്നു. രാസപരിശോധാഫലം വന്നാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള സാമ്പിളുകളും രാസ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളില്‍ നിന്നും പുറത്തുനിന്നുമായി ലഭിച്ച ചാര നിറത്തിലുള്ള പൊടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍മാരായ ഡോ. ആര്‍ ശാലിനിയും ടി.എം മനോജുമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ജനുവരി 16-ന് രാവിലെ 9.35-ഓടെ ആരംഭിച്ച നടപടികള്‍ 1.10-ഓടെ അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ മാസം ഗോപന്റെ സമാധി സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അസ്വഭാവികത ഒന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മരണകാരണം സംബന്ധിച്ച വ്യക്തതയ്ക്കാണ് കൂടുതല്‍ പരിശോധന നടത്തിയത്.

Similar News