പൊലീസ് തലപ്പത്ത് വീണ്ടും പോര്; എം.ആര്‍. അജിത് കുമാറിനെതിരെ പി. വിജയന്‍

Update: 2024-12-23 09:34 GMT


തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു.എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരെ ഇന്റലിജെന്റ്‌സ് വിഭാഗം മേധാവി പി. വിജയന്റെ പരാതി. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ മുന്നില്‍ അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്ന് പി. വിജയന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.തുടര്‍ നടപടികള്‍ക്കായി ഡി.ജി.പി പരാതി സര്‍ക്കാറിന് കൈമാറി. അജിത് കുമാറിനെതിരെ നടപടി വേണമെന്നും പി. വിജയന്‍ ആവശ്യപ്പെട്ടു.ഐ.ജിയായിരുന്നപ്പോള്‍ പി. വിജയന്‍ സസ്‌പെന്‍ഷനിലായത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്.കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പി. വിജയന്‍ നടപടി നേരിട്ടത്.ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എം.ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി പി. വിജയനെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.പിന്നീടാണ് അദ്ദേഹത്തിന് ഇന്റലിജന്‍സ് എ.ഡി.ജി.പിയായി പ്രമോഷന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ഗുരുതരമായ മറ്റൊരു ആരോപണവുമായി എം.ആര്‍ അജിത് കുമാര്‍ രംഗത്ത് വന്നത്.അജിത് കുമാര്‍ ഡി.ജി.പിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും അന്വേഷിക്കണമെന്നുമാണ് വിജയന്റെ ആവശ്യം.

Similar News