കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടികൂടി
മൊബൈല്‍ ഫോണ്‍, എയര്‍പോഡ്, യു.എസ്.ബി കേബിള്‍, സിം, തുടങ്ങിയവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്;
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്നും മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. സംഭവത്തില്‍ രഞ്ജിത്ത്, അഖില്‍, ഇബ്രാഹിം ബാദുഷ എന്നീ തടവുകാര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.
അടിപിടി കേസുകളിലെ പ്രതികളാണ് ഇവര്‍. മൊബൈല്‍ ഫോണ്‍, എയര്‍പോഡ്, യു.എസ്.ബി കേബിള്‍, സിം, തുടങ്ങിയവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് പത്താം ബ്ലോക്കില്‍ നിന്നും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പും ജയിലില്‍ നിന്ന് ഫോണ്‍ പിടികൂടിയിരുന്നു.