പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു
ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് അധികൃതര്‍;
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അതേ സമയം, സ്‌ട്രോങ് റൂമിലെ സ്വര്‍ണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
ശ്രീകോവിലിലെ വാതിലില്‍ പൂശാനായി കരുതിയിരുന്ന സ്വര്‍ണമാണ് കാണാതായത്. ശനിയാഴ്ച രാവിലെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പലതരത്തിലുള്ള പണികള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് ശ്രീകോവിലില്‍ പൂശാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാതാകുന്നത്. 13 പവന്റെ കുറവാണ് അനുഭവപ്പെട്ടത്.
പണി ആവശ്യത്തിന് എടുക്കാനായി രാവിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സ്ട്രോങ് റൂമില്‍ നിന്നുമാണ് സ്വര്‍ണം നഷ്ടപ്പെട്ടത് എന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്.