എച്ച് എമ്മിനും പ്രിന്‍സിപ്പലിനും ഒക്കെ എന്താണ് ജോലി? കൊല്ലത്ത് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി
അപകടത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു;
തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപകനെയും മറ്റ് ഉദ്യോഗസ്ഥരെയും വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 'എച്ച് എമ്മും അവിടുത്തെ മറ്റ് അധികാരികളും ഈ വൈദ്യുതി ലൈന്‍ എന്നും കാണുന്നതല്ലേ എന്ന് ചോദിച്ച മന്ത്രി പിന്നെ അവര്‍ക്കൊക്കെ എന്താണു ജോലി എന്നും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതല്ലേ എന്നും ചോദിച്ചു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നോക്കാന്‍ പറ്റില്ലല്ലോ. വിദ്യാഭ്യാസ ഡയറക്ടറോട് സംഭവസ്ഥലത്ത് പോയി കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു സ്‌കൂളിന്റെ അധിപനായി ഇരിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം വായിച്ചെങ്കിലും നോക്കേണ്ടതാണ് എന്നും പ്രധാന അധ്യാപകരെ ഉന്നം വച്ച് മന്ത്രി പറഞ്ഞു.
ഒരു മകനാണ് നഷ്ടപ്പെട്ടത്. അനാസ്ഥയുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ആ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കൊല്ലത്ത് എത്തി കുട്ടിയുടെ കുടുംബത്തെ കാണുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ശാസ്താംകോട്ട തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് സൈക്കിള്‍ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണതിനെ തുടര്‍ന്ന് എടുക്കാനായി കയറിയതായിരുന്നു മിഥുന്‍.
കാല്‍ തെന്നിപ്പോയപ്പോള്‍ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടം സംഭവിച്ച സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മിഥുന്‍ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. തെന്നിവീഴാന്‍ പോകുന്ന സമയത്ത് മിഥുന്‍ വൈദ്യുത കമ്പിയില്‍ പിടിക്കുന്നതും തുടര്‍ന്ന് ഷോക്കേല്‍ക്കുന്നതുമായി ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
അപകടത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.