പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയില്‍

Update: 2025-01-27 04:00 GMT

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഭീതി സൃഷ്ടിച്ച നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ പിലാക്കാവ് ഭാഗത്ത് ഏഴ് വയസ് പ്രായമുള്ള കടുവയുടെ ജഡം കണ്ടെത്തിയത്. ഇതിന് മുന്നേ ദൗത്യസംഘം കടുവയെ കണ്ട് മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയിരുന്നു. പിന്നീടാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ദൗത്യ സംഘം അന്വേഷിക്കുന്ന കടുവ തന്നെയാണെന്ന് കടുവയുടെ ശരീരത്തിലുളള പരിക്ക് കണ്ടാണ് തിരിച്ചറിഞ്ഞത്. കടുവയുടെ ജഡം ബേസ് ക്യാമ്പിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരും.

കടുവഭീതി നിലനില്‍ക്കുന്ന മാനന്തവാടി നഗരസഭയിലെ മൂന്ന് ഡിവിഷനുകളില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ചാരക്കൊല്ലിയില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. കടുവയെ കണ്ടാല്‍ വെടിവെക്കാന്‍ ദൗത്യസംഘത്തിന് നിര്‍ദേശമുണ്ടായിരുന്നു.

Similar News