സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും;
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ -ഡിസംബര്‍ മാസങ്ങളിലായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഡിസംബര്‍ 20 ന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടര്‍ പട്ടിക പുതുക്കാന്‍ ഒരു അവസരം കൂടി നല്‍കുമെന്നും എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ എസ്‌ഐആര്‍ നീട്ടിവെക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഇനി തെരഞ്ഞെടുപ്പ് കാലമാണ്. പഞ്ചായത്തുകളിലേയ്ക്കും നഗരസഭകളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത മാസം അവസാനത്തോടെ പൂര്‍ണമായും സജ്ജമാകും. അതേസമയം 2002 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കുമുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പക്ഷേ ഇത് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വേണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വഴി ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കറും തമ്മില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെയും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെയും ചുമതലകള്‍ വഹിക്കേണ്ടത് കലക്ടര്‍മാരും ഡെപ്യൂട്ടി കലക്ടര്‍മാരും അടക്കം ഒരേ ഉദ്യോഗസ്ഥരാണ്. ഒരു സമയം രണ്ടു ജോലികള്‍ വരുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റണമെന്ന നിര്‍ദേശം കമ്മീഷന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലും സമാന ആവശ്യം ഉയര്‍ന്നിരുന്നു. 23 വര്‍ഷം മുമ്പുള്ള വോട്ടര്‍ പട്ടിക ആധാരമാക്കി എസ്‌ഐഅര്‍ നടത്തുന്നതിനെ എതിര്‍ത്ത് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു.