നഴ്‌സിംഗ് കോളേജ് റാഗിംഗ്: കുറ്റവാളികള്‍ക്കെതിരെ പരമാവധി നടപടി; മന്ത്രി വീണ ജോര്‍ജ്

Update: 2025-02-14 07:03 GMT

തിരുവനന്തപുരം: കോട്ടയത്തെ നേഴ്‌സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. റാഗിങ്ങിന്റെ ആദ്യ സെക്കന്‍ഡുകള്‍ കാണുമ്പോള്‍ തന്നെ അതിക്രൂരമാണെന്നും വീഡിയോ മുഴുവന്‍ കാണാന്‍ പോലും കഴിഞ്ഞില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികളെ സസ്‌പെന്‍ഡ് ചെയ്യുന്നതിനപ്പുറം പുറത്താക്കുന്ന കാര്യം ഉള്‍പ്പെടെ ആലോചിക്കും. പരമാവധി നടപടി കൈക്കൊള്ളുമെന്നു മന്ത്രി പറഞ്ഞു.

റാഗിങ് അറിഞ്ഞില്ലെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കോറിഡോറില്‍ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയര്‍ വിദ്യാര്‍ഥികള്‍ എന്തിനു ജൂനിയര്‍ വിദ്യാര്‍ത്ഥിളുടെ മുറിയില്‍ പോകണം. അതും ഒരിക്കല്‍ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംങ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണെന്ന് പൊലീസ് പറയുന്നു. മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി പണം കൊടുക്കാന്‍ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകര്‍ത്തിയത്. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Similar News