കെകെ രാഗേഷ് പുതിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ പേര് തീരുമാനിച്ചത്;
കണ്ണൂര്‍: കെകെ രാഗേഷ് പുതിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെകെ രാഗേഷിന് പുതിയ നിയമനത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയില്‍ നിന്നും മാറേണ്ടി വരും. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതോടെയാണ് പുതിയ സെക്രട്ടറി തിരഞ്ഞെടുപ്പ് അനിവാര്യമായത്.
ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ പേര് തീരുമാനിച്ചത്. പിന്നീട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പേര് നിര്‍ദ്ദേശിച്ചു. അംഗങ്ങള്‍ ഇത് അംഗീകരിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു.
സി.പി.എമ്മിന്റെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിലേത്. ഇവിടെയാണ് ഒരു തലമുറ മാറ്റം സംഭവിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ കെകെ രാഗേഷ് എസ്.എഫ്.ഐയിലൂടെ ഉയര്‍ന്നുവന്ന നേതാവാണ്. പാര്‍ട്ടിയുടെ ജില്ലയിലെ യുവ നേതൃനിരയിലേക്ക് പാര്‍ട്ടിയുടെ തന്നെ നിയന്ത്രണം ഏല്‍പ്പിക്കുകയാണ്.
ടി.വി. രാജേഷ്, എം. പ്രകാശന്‍, മുതിര്‍ന്ന നേതാവ് എന്‍. ചന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
രാജ്യത്തെ സിപിഎമ്മിന്റെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂരില്‍ സെക്രട്ടറിയാകുന്നവര്‍ പാര്‍ട്ടിയുടെ സംസ്ഥാന - ദേശീയ നേതൃത്വത്തില്‍ സുപ്രധാന ചുമതലകളില്‍ എത്താറുണ്ട്. പാര്‍ട്ടിയുടെ പുതിയ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണവും നടക്കും.
രാജ്യസഭാംഗമായിരുന്ന രാഗേഷ് കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയാണ്. പാര്‍ലമെന്റിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ നല്‍കുന്ന സന്‍സദ് രത്‌ന പുരസ്‌കാരത്തിന് 2021ല്‍ കെ കെ രാഗേഷ് അര്‍ഹനായിട്ടുണ്ട്. നിയമ ബിരുദധാരിയായ രാഗേഷ് കിസാന്‍ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമാണ്.
ഡല്‍ഹിയില്‍ കര്‍ഷകസമരത്തിന്റെ മുന്നണി പോരാളിയായിരുന്നു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഏക മലയാളിയാണ്. ഡോ. പ്രിയാ വര്‍ഗീസാണ് ഭാര്യ. വിദ്യാര്‍ഥികളായ ശാരിക, ചാരുത എന്നിവര്‍ മക്കളാണ്.