ആഗോള നിക്ഷേപക ഉച്ചകോടി: കേരളത്തിനായി 3 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് നിതിന്‍ ഗഡ്കരി
കൊച്ചി: ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ കേരളത്തിനായി 3 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഓണ്‍ലൈനായി ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച കേന്ദ്രമന്ത്രി കേരളത്തെ പുകഴ്ത്തി സംസാരിച്ചു. റോഡ് വികസനത്തിനുള്ള 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്, കഞ്ചിക്കോട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ 10,840 കോടിയുടെ പദ്ധതികള്‍ മൂന്നു മാസത്തിനകം തുടങ്ങുമെന്നാണ് പ്രഖ്യാപനം. അങ്കമാലി-കുണ്ടന്നൂര്‍ വരെയുള്ള ബൈപാസ് 6 വരിയാക്കാന്‍ 6,500 കോടി രൂപ അനുവദിച്ചു. 45 കിലോമീറ്റര്‍ നീളുന്ന ഈ ദേശീയപാതയുടെ വികസനപ്രവര്‍ത്തനം 6 മാസത്തിനകം തുടങ്ങും.
ഇതോടെ ഈ റൂട്ടിലെ ഒന്നരമണിക്കൂര്‍ യാത്രാസമയം അരമണിക്കൂറായി ചുരുങ്ങും. 62.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം ഔട്ടര്‍റിങ് റോഡ് പദ്ധതിക്ക് 5000 രൂപയും അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പദ്ധതിയാണിത്. 4 മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.
കൊല്ലം ജില്ലയിലും മലബാര്‍ മേഖലയിലും വിവിധ റോഡ് വികസന പദ്ധതികള്‍ക്കും തുക അനുവദിച്ചു. ടൂറിസവും ആയുര്‍വേദവും കേരളത്തിന്റെ നെടുംതൂണുകളാണെന്നും ഇതിനായി കേരളത്തിലെത്തുന്നവരെ ആകര്‍ഷിക്കാന്‍ മികച്ച അടിസ്ഥാനസൗകര്യം അനിവാര്യമാണെന്നും ഗഡ്കരി പറഞ്ഞു.
കേരളത്തിന്റെ വ്യവസായ വികസനത്തിന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ചും സംസാരിച്ചു.
പദ്ധതി നടപ്പായാല്‍ തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയിലെ യാത്രാ സമയം കുറയുമെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. പി രാജീവ് രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ജലമെട്രോയെ പ്രശംസിച്ച് സംസാരിച്ച കേന്ദ്രമന്ത്രി ജയന്ത് ചൗധരി, വാട്ടര്‍ മെട്രോയെ പറ്റി കേരളത്തില്‍ നിന്ന് പഠിക്കാന്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിക്കുമെന്നും അറിയിച്ചു.