ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സര്‍ ആണ്; പിന്‍മാറ്റത്തെ കുറിച്ച് പ്രതികരിച്ച് കായിക മന്ത്രി

സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, സ്‌പോണ്‍സര്‍ പിന്മാറിയെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി;

Update: 2025-05-17 08:08 GMT

തിരുവനന്തപുരം: ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സര്‍ ആണെന്ന് വ്യക്തമാക്കി കായിക മന്ത്രി വി അബ്ദുറഹിമാന്‍. കേരള സന്ദര്‍ശനത്തില്‍ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്മാറിയതിന് പിന്നാലെയാണ് സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റ് കമ്പനിക്കെതിരെയുള്ള മന്ത്രിയുടെ പ്രതികരണം.

അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഇതോടെയാണ് മെസി കേരളത്തിലെത്തില്ലെന്ന് വ്യക്തമായത്. പിന്നാലെ കായിക പ്രേമികള്‍ക്കെല്ലാം വലിയ നിരാശയായിരുന്നു.

നേരത്തെ, ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ മെസി വരാത്തതിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിയുടെ വാക്കുകള്‍:

സര്‍ക്കാരിന്റെ കയ്യില്‍ ഇത്ര അധികം പണമില്ല. സ്പോണ്‍സര്‍ഷിപ് അവരുടെ റിക്വസ്റ്റ് പ്രകാരം അവര്‍ കൊടുത്തതാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട് സമ്മത പത്രവും നല്‍കിയിട്ടുണ്ട്. സ്പോണ്‍സര്‍ ആണ് ചെയ്യേണ്ടതും അവരാണ് തീരുമാനിക്കേണ്ടതും. സ്പോണ്‍സര്‍ പിന്മാറിയെന്ന കാര്യം അവര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

സ്പോണ്‍സര്‍ഷിപ് ഏറ്റെടുക്കാമെന്ന് കത്ത് നല്‍കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തു നല്‍കി. റിപ്പോര്‍ട്ടര്‍ കമ്പനി പണം അടയ്ക്കാമെന്ന് അറിയിച്ചതാണ്. സര്‍ക്കാരിന് ഭാരിച്ച തുക കണ്ടെത്താനാകില്ല. സ്പോണ്‍സര്‍മാര്‍ നിര്‍ബന്ധമാണ്. കേരളത്തിലെ ഫുട് ബോള്‍ പ്രേമികളുടെ ആഗ്രഹം മാനിച്ച് അവര്‍ അത് ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

അത് വളരെ പെട്ടെന്ന് ചെയ്യണമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ടീമിനെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക ചെലവായതുകൊണ്ടാണ് സ്പോണ്‍ര്‍മാരെ തേടിയത്. റിസര്‍വ് ബാങ്കിന്റെ അനുമതി അവര്‍ക്ക് ലഭ്യമായി മെസി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്മാറിയതായി സ്പോണ്‍സര്‍ അറിയിച്ചിട്ടില്ല 175 കോടി രൂപയോളം ചെലവ് വരും. ആശയകുഴപ്പമില്ല. അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടുണ്ട്. ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്. അടുത്ത ആഴ്ച വരെ കാത്തിരിക്കാം- എന്നും മന്ത്രി വ്യക്തമാക്കി.

2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ടിലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട് ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട് ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

Similar News