തദ്ദേശ തിരഞ്ഞെടുപ്പ്: താല്‍ക്കാലിക ഡാറ്റ പ്രകാരം സംസ്ഥാനത്ത് മത്സരരംഗത്തുള്ളത് 72,005 സ്ഥാനാര്‍ത്ഥികള്‍
സംസ്ഥാനത്തെ 23,562 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണമാണിത്;
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം പുറത്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കുറവാണ് കാണുന്നത്. താല്‍ക്കാലിക ഡാറ്റ പ്രകാരം 72,005 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ 23,562 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണമാണിത്.
ലഭ്യമായ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിച്ചതിനുശേഷമുള്ള കണക്കാണിത്. ഇതില്‍ 37,786 സ്ത്രീ സ്ഥാനാര്‍ത്ഥികളും 34,218 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെടുന്നു. എന്നാല്‍ ഈ കണക്കുകള്‍ അന്തിമമല്ലെന്നും ചൊവ്വാഴ്ച അപ്ഡേറ്റ് ചെയ്യുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 21,865 വാര്‍ഡുകളിലായി 75,013 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇത്തവണ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച ഒട്ടേറെപ്പേര്‍ മത്സരരംഗത്തു നിന്നു പിന്മാറിയതാണ് ഇതിന് കാരണം.
ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെയാണ്: കാസര്‍കോട് - 2,786, കണ്ണൂര്‍ - 5,383, വയനാട് - 1,908, കോഴിക്കോട് - 5,884, മലപ്പുറം - 7,786, പാലക്കാട് - 6,599, തൃശൂര്‍ - 6,907, എറണാകുളം - 6,571, ഇടുക്കി - 2,957, കോട്ടയം - 4,903, ആലപ്പുഴ - 5,219, പത്തനംതിട്ട - 3,528, കൊല്ലം - 5,325, തിരുവനന്തപുരം - 6,249.
ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കമ്മീഷന്‍ 1,07,211 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചു.
കണ്ണൂരിലെ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തതിനാല്‍ അവിടെ മത്സരമില്ല. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ക്രമീകരിച്ചത്. പേര്, വിലാസം, പാര്‍ട്ടി, അനുവദിച്ച ചിഹ്നം, ഫോട്ടോ എന്നിവയാണ് ഈ പട്ടികയിലുള്ളത്. അതത് റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫിസുകളിലും ഈ പട്ടിക പരസ്യപ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ ഇനി രണ്ടാഴ്ച മാത്രമാണ് പ്രചാരണത്തിന് ബാക്കിയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 11നും ആണ് വോട്ടെടുപ്പ്. 13നാണ് വോട്ടെണ്ണല്‍.