സംശയാസ്പദമായി ഒന്നുമില്ല; കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു

കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ആളൂരിനെ കാണാനാണ് എത്തിയതെന്നും മരിച്ച വിവരം അറിഞ്ഞത് ഇവിടെ വന്നതിന് ശേഷമെന്നും ബണ്ടി ചോര്‍;

Update: 2025-11-24 12:26 GMT

കൊച്ചി: സംശയാസ്പദമായി ഒന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ദേവേന്ദര്‍ സിംഗ് എന്ന ബണ്ടി ചോറിനെ പൊലീസ് വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ബണ്ടി ചോറിനെ വിട്ടയച്ചതെന്ന് എറണാകുളം സൗത്ത് റെയില്‍വെ പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് അഡ്വ. ബിഎ ആളൂരിന്റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്.

ഞായറാഴ്ച രാത്രിയാണ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാവിലെ മുതല്‍ ബണ്ടി സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് മനസിലാക്കിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ബണ്ടി ചോറിനെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നും ഇവിടെ എത്തിയതിന് ശേഷമാണ് ആളൂര്‍ അന്തരിച്ച വിവരം അറിഞ്ഞതെന്നും ബണ്ടി ചോര്‍ പൊലീസിനെ അറിയിച്ചു. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് എന്നും ബണ്ടി ചോര്‍ പറഞ്ഞു.

എന്നാല്‍ ബണ്ടി ചോര്‍ പറയുന്നത് പൂര്‍ണ്ണമായും പൊലീസ് ആദ്യഘട്ടത്തില്‍ വിശ്വസിച്ചിരുന്നില്ല. തുടര്‍ന്നാണ് സൗത്ത് റെയില്‍വേ പൊലീസില്‍ കസ്റ്റഡിയില്‍ വെച്ചത്. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിയമപരമായ ആവശ്യത്തിന് വേണ്ടിയാണ് അഭിഭാഷകന്‍ ആളൂരിനെ കാണാന്‍ വന്നതെന്നും ബണ്ടി ചോര്‍ മൊഴി നല്‍കിയിരുന്നു.

നിലവിലെ കേസുകളില്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയിരിക്കുകയാണ് ബണ്ടി ചോര്‍. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ബണ്ടി ചോര്‍. ഹൈക്കോടതി തനിക്ക് അനുകൂലമായി ഒരു ഉത്തരവിട്ടിരുന്നുവെന്നും ചില തൊണ്ടിമുതലുകളും തന്റെ കൈവശമുണ്ടായിരുന്ന പണവും വാച്ചുകളും ജയില്‍ ശിക്ഷ അനുഭവിക്കുന്ന സമയത്ത് പൊലീസ് പിടിച്ചുവെച്ചിരുന്നുവെന്നും അത് വിട്ടുനല്‍കാന്‍ ഹൈക്കോടതി തനിക്ക് അനുകൂലമായി ഉത്തരവിട്ടിരുന്നുവെന്നും അത് കൈപ്പറ്റാന്‍ വേണ്ടിയാണ് കൊച്ചിയിലെത്തിയതെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയ വിശദീകരണം.

സ്ഥിരം പരിശോധനക്കിടെയാണ് ബണ്ടി ചോറിന്റെ മുഖസാദൃശ്യമുള്ള ആളെ റെയില്‍വേ പൊലീസ് ശ്രദ്ധിക്കുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സ്ഥിരീകരിക്കുകയായിരുന്നു. അഡ്വക്കേറ്റ് ബിഎ ആളൂര്‍ അസോസിയേറ്റ്‌സ് ആണ് ബണ്ടി ചോറിന്റെ കേസുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ആളൂര്‍ മരിച്ചെങ്കിലും ജൂനിയേഴ്‌സ് ആണ് കേസ് നോക്കുന്നത്.

Similar News