നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക്; വിധി ഡിസംബര്‍ 8 ന്
ഏഴ് വര്‍ഷത്തെ വിചാരണ നടപടികള്‍ക്ക് ശേഷമാണ് കോടതി വിധി പറയാനൊരുങ്ങുന്നത്;
കൊച്ചി: കൊച്ചിയില്‍ ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. ഏഴ് വര്‍ഷത്തെ വിചാരണ നടപടികള്‍ക്ക് ശേഷമാണ് കോടതി വിധി പറയാനൊരുങ്ങുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് വിധി പറയുന്നത്. കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസാണ് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്.
പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപാണ് എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരി 17നാണ് ഷൂട്ടിങ്ങ് കഴിഞ്ഞ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ക്രൂരമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. 2019 ലാണ് കേസില്‍ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു.