ശ്വേത മേനോന് എതിരായ കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി
എറണാകുളം സി.ജെ.എമ്മിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു;
കൊച്ചി: നടി ശ്വേത മേനോന് എതിരായ കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ കോടതി എറണാകുളം സി.ജെ.എമ്മിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഹര്‍ജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ പൊലീസും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അമ്മ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണ് തനിക്കെതിരെയുള്ള കേസെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 31ന് ആയിരുന്നു പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി.
എന്നാല്‍ താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനാല്‍ പത്രിക പിന്‍വലിച്ചില്ല. അന്നു തന്നെയാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയിലാണ് ഈ മാസം 5ന് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ശ്വേത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരന്റെ വിശ്വാസ്യത അന്വേഷിക്കണമെന്നും ശ്വേത ആവശ്യപ്പെട്ടിരുന്നു. ഈ മാസം 15നാണ് അമ്മ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്.
അമ്മയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാകാന്‍ സാധ്യതയുണ്ടായിരുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരാതിയെന്നും ശ്വേത ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണ്. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടോ എന്നു പരിഗണിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
കോടതികള്‍ വരുന്ന പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന പോസ്റ്റ് ഓഫിസുകളായി മാറരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. എന്നിട്ടും യാതൊരു തെളിവുകളുമില്ലാത്ത, ദുരുദ്ദേശ്യത്തോടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച പരാതിയില്‍ അന്വേഷണം നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത് എന്നും ശ്വേത ഹര്‍ജിയില്‍ പറഞ്ഞിരുന്നു.