പാതിവില തട്ടിപ്പ് കേസ്; കസ്റ്റഡിയില്‍ എടുത്ത ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തശേഷം ആശുപത്രിയിലേക്ക് മാറ്റി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കേസില്‍ കേരളാ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകന്‍ ആനന്ദകുമാറെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
തന്റെ അക്കൗണ്ടില്‍ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും ഇത് വ്യക്തിപരമായി കിട്ടിയതല്ലെന്നുമായിരുന്നു ആനന്ദകുമാര്‍ ജാമ്യഹര്‍ജിയില്‍ വാദിച്ചത്. രേഖാമൂലം നികുതി അടച്ച പണമാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തയാറാണെന്നും ആനന്ദകുമാര്‍ വാദിച്ചിരുന്നു. എന്നാല്‍, ആനന്ദകുമാറിന് ആരും വെറുതെ പണം നല്‍കില്ലെന്നും പൂര്‍ണ അറിവോടെ നടത്തിയ തട്ടിപ്പാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ജവഹര്‍ നഗര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഈ സമയത്ത് കുടുംബാംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. ആനന്ദകുമാറിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ ദേശീയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ ക്രൈം ബ്രാഞ്ച്, എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നും ആനന്ദകുമാര്‍ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്.