'അച്ഛനമ്മമാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു'; നവജാത ശിശുവിന് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യമന്ത്രി

Update: 2025-02-21 10:10 GMT

തിരുവനന്തപുരം: അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ നവജാത ശിശുവിന് സംരക്ഷണമൊരുക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

23 ദിവസം പ്രായമായ നവജാത ശിശുവിനാണ് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുന്നത്. മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കള്‍ക്ക് ഇനി കുഞ്ഞിനെ വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടേതുമാണ് കുഞ്ഞ്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനില്‍ വച്ച് യുവതിക്ക് അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

എന്നാല്‍ ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതാവുകയായിരുന്നു. ഇവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഞ്ഞ് ഇപ്പോള്‍ ലൂര്‍ദ് ആശുപത്രിയിലെ എന്‍ഐസിയുവില്‍ കഴിയുകയാണ്. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ചയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

കുഞ്ഞിനെ ലൂര്‍ദ്ദ് ആശുപത്രിയിലേക്ക് കൊണ്ടുവന്ന സമയത്ത് അമ്മയുടെ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു. അച്ഛന്‍ രണ്ടിടത്തും മാറി മാറി നിന്നാണ് കാര്യങ്ങള്‍ നോക്കിയിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ അമ്മയെ 31ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ മകളെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്ന പിതാവ് വരാതെയായി.

ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ജാര്‍ഖണ്ഡില്‍ എത്തിയെന്ന എസ്.എം.എസ് സന്ദേശം മാത്രമായിരുന്നു മറുപടിയായി ലഭിച്ചത്. പിന്നീട് ഫോണില്‍ കിട്ടാതെയുമായി. ഇതേത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിനെയും തുടര്‍ന്ന് ശിശുക്ഷേമ സമിതിയേയും വിവരമറിയിച്ചത്.

Full View

Similar News