കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ; 1,08,000 രൂപ പിഴയും അടയ്ക്കണം

സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിച്ച കേസിലാണ് കോടതിയുടെ ശിക്ഷാവിധി പുറത്തുവന്നത്.;

Update: 2025-04-11 07:58 GMT

പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം.108 ആംബുലന്‍സ് ഡ്രൈവവറായ കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി ശിക്ഷിച്ചത്. സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിച്ച കേസിലാണ് കോടതിയുടെ ശിക്ഷാവിധി പുറത്തുവന്നത്.

നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം തന്നെ കണ്ടെത്തിയിരുന്നു. ബലാത്സംഗം തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വര്‍ഷമായി വിചാരണത്തടവിലുള്ള ഇയാള്‍ മുന്‍പും വധശ്രമക്കേസില്‍ പ്രതിയാണ്.

ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കോവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നല്‍കിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണല്‍ എസ്.പി ആര്‍ ബിനു പറഞ്ഞു.

2020 സെപ്റ്റംബര്‍ 5ന് അര്‍ധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് പന്തളത്തെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെ ആറന്മുളയില്‍ വച്ചാണ് 19 കാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. കോവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും ആംബുലന്‍സിലുണ്ടായിരുന്നു.

പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വിടാനായിരുന്നു നിര്‍ദേശം. എന്നാല്‍, നൗഫല്‍ ആദ്യം കോഴഞ്ചേരിയില്‍ സ്ത്രീയെ ഇറക്കി. തുടര്‍ന്ന് ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് ആംബുലന്‍സ് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പന്തളത്തെ കോവിഡ് സെന്ററില്‍ ഇറക്കിയശേഷം ഇയാള്‍ കടന്നുകളഞ്ഞു. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് പെണ്‍കുട്ടി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി.

ആശുപത്രിയിലെത്തിയ ഉടനെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി. തെളിവ് പൊലീസിന് കൈമാറുകയും ചെയ്തു. പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസിലെ വിചാരണ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തി രഹസ്യ പാസ് വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി.ഹരികൃഷ്ണന്‍ ഹാജരായി.

Similar News