വി.എസ് ഇനി ജ്വലിക്കുന്ന ഓർമ്മ; പോരാട്ട ഭൂമിയിൽ നിത്യനിദ്ര

Update: 2025-07-23 16:01 GMT

ആലപ്പുഴ : കേരളം കണ്ട ധീരനായ കമ്യൂണിസ്റ്റും, മുൻ മുഖ്യമന്ത്രിയുമായ വി. എസ് അച്യുതാനന്ദന് വിട നൽകി കേരളം. മൂന്ന് ദിവസം നീണ്ട വികാര വായ്പുകൾക്കും വിലാപ യാത്രയ്ക്കും ആലപ്പുഴ പുന്നപ്രയിൽ വലിയ ചുടുകാട്ടിൽ അവസാനമായി. പതിനായിരങ്ങളുടെ മുദ്രാവാക്യങ്ങൾ ഏറ്റുവാങ്ങി വി.എസ് എന്ന സമര സൂര്യൻ എരിഞ്ഞടങ്ങി. പുന്നപ്രയിലെ ധീര സഖാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലായി അദ്ദേഹം അന്ത്യനിദ്രയിലേക്ക് മടങ്ങി. പൊതുദർശനം നടന്ന റിക്രിയേഷൻ ഗ്രൗണ്ടില്‍ വി എസിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയ്പ്പ് നൽകി. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വി എസിന്റെ സംസ്‌കാരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ച ശേഷം വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീകൊളുത്തി.

21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം . ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

Similar News