സ്ഥാനത്തിന് വേണ്ടി കടി പിടിച്ച് ഐക്യം തകര്‍ക്കാനില്ല: പദവികള്‍ മാറ്റത്തിന് വിധേയം; കെസി വേണുഗോപാല്‍

Update: 2025-02-04 06:16 GMT

ന്യൂഡെല്‍ഹി: ഏതെങ്കിലും സ്ഥാനത്തിന് വേണ്ടി കടി പിടിച്ച് പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പദവികള്‍ മാറ്റത്തിന് വിധേയമാണെന്ന് പറഞ്ഞ അദ്ദേഹം കെപിസിസി അധ്യക്ഷ പദവിയെ കുറിച്ചും പാര്‍ട്ടിയിലെ തന്റെയും മറ്റ് നേതാക്കളുടേയും ഉത്തരവാദിത്തത്തെ കുറിച്ചും സംസാരിച്ചു.

വേണുഗോപാലിന്റെ വാക്കുകള്‍:

കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്. പറന്നിറങ്ങി വരേണ്ട ആളല്ല താന്‍. ഒരു പദവി കിട്ടണം എന്ന ഒരാഗ്രഹവും ഇല്ല. കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമാക്കി കൊണ്ടുപോവുക എന്നതാണ് തന്റെ ഉത്തരവാദിത്തം.

കെപിസിസി അധ്യക്ഷന്‍ മാറില്ലെന്ന് പറയാനോ മാറുമെന്ന് പറയാനോ താന്‍ ആളല്ല. പദവികള്‍ മാറ്റത്തിന് വിധേയമാണ്. ആരേയും എപ്പോഴും മാറ്റാം. പക്ഷെ ഇപ്പോള്‍ അത്തരമൊരു മാറ്റത്തിന്റെ കാര്യം മുന്നില്‍ ഇല്ല. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒന്നിച്ച് ഒരു വഴിക്ക് പോയി കരയ്ക്കടുപ്പിക്കേണ്ടവര്‍ ആണ്.

കേരളത്തില്‍ എല്ലാ നേതാക്കളും ഉത്തരവാദിത്തം നിര്‍വഹിച്ചേ മതിയാകൂ. ഇതിനായി വ്യക്തി താല്പര്യങ്ങള്‍ മാറ്റി എല്ലാവരും ജാഗ്രത പുലര്‍ത്തണം. രാഷ്ട്രീയകാര്യ സമിതിയില്‍ സംയുക്തവാര്‍ത്താ സമ്മേളനം തീരുമാനിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ ആണ് നടക്കാതെ പോയതെന്നും വേണുഗോപാല്‍ പറഞ്ഞു.

Similar News