തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി

Update: 2026-01-03 06:45 GMT

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് പ്രത്യേക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്.

മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മുന്‍ മന്ത്രിക്കെതിരെ വിധി വരുന്നത്. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദൂര്‍ സര്‍വലി 61 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായതാണ് കേസിനാസ്പദമായ സംഭവം. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ഈ കേസില്‍ വിചാരണ കോടതി പ്രതിയെ പത്തുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിന്‍ വില്‍ഫ്രഡിന്റെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു.

ലഹരിക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടി എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള പ്രധാന ആരോപണം. കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ തൊണ്ടിമുതല്‍ പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റി എന്നതായിരുന്നു പരാതി. തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ പ്രതി, പാകമാകാത്ത അടിവസ്ത്രം തന്റേതല്ലെന്ന വാദം ഉയര്‍ത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തനായി ഓസ്ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. ഹൈക്കോടതിയില്‍ നിന്ന് രക്ഷപ്പെട്ട സര്‍വലി പിന്നീട് മറ്റൊരു കേസില്‍ ജയിലിലായപ്പോള്‍ കേരളത്തിലെ കേസില്‍ നിന്ന് താന്‍ രക്ഷപ്പെട്ടത് എങ്ങനെയെന്ന് തടവുകാരനോട് വെളിപ്പെടുത്തിയതോടെയാണ് തിരിമറി പുറംലോകമറിയുന്നത്. 1994ലാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. 13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതി വരെ പോയെങ്കിലും വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Similar News