കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; ഭാര്യയ്ക്ക് പരിക്ക്

ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചതെന്നാണ് വിവരം;

Update: 2025-05-20 09:40 GMT

കണ്ണൂര്‍: പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെ മകന്‍ നിധീഷ് ബാബു (31) ആണു മരിച്ചത്. ആക്രമണത്തില്‍ നിധീഷിന്റെ ഭാര്യ ശ്രുതിക്കും പരിക്കേറ്റു. ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനു സമീപത്ത് ആയുധ നിര്‍മാണത്തിനുള്ള ആല നടത്തുകയാണ് നിധീഷ്. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികള്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു എന്നാണ് വിവരം. ഇത് തടയാനെത്തിയപ്പോഴാണ് ശ്രുതിക്ക് വെട്ടേറ്റത്.

ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചതെന്നാണ് വിവരം. എന്നാല്‍ അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ബൈക്കില്‍ എത്തിയവര്‍ മുന്‍പും അവിടെ വന്നിട്ടുണ്ടെന്നും ഇവരെ ശ്രുതിക്കു പരിചയമുണ്ടെന്നുമാണ് വിവരം. ചികിത്സയില്‍ കഴിയുന്ന ശ്രുതിയുടെ മൊഴിയെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

നിധീഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Similar News