ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം; നിക്ഷേപക രംഗത്ത് പുതുചുവട്

Update: 2025-02-21 09:26 GMT

കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പില്‍ പുത്തന്‍ അധ്യായം രചിക്കാന്‍ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കമായി. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെത്തുന്ന നിക്ഷേപകര്‍ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നും വ്യവസായത്തിനുള്ള അനുമതികളും ലൈസന്‍സുകളും ഉടന്‍ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കം കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, വന്‍കിട വ്യവസായികള്‍, വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും ബഹ്‌റൈന്‍, അബുദാബി, സിംബാബ്വേ മന്ത്രിതല സംഘവും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ആറ് വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം ഉച്ചകോടിയില്‍ ശ്രദ്ധേയമാണ്. ജര്‍മനി, വിയറ്റ്‌നാം, നോര്‍വെ , ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ അവതരണം നടത്തും.

എഐ ആന്‍ഡ് റോബട്ടിക്‌സ്, എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്‌സ്, മാരിടൈം ആന്‍ഡ് പാക്കേജിങ്, ഫാര്‍മ-മെഡിക്കല്‍ ഉപകരണങ്ങള്‍- ബയോടെക്, പുനരുപയോഗ ഊര്‍ജം, ആയുര്‍വേദം, ഫുഡ്‌ടെക്, മൂല്യവര്‍ധിത റബര്‍ ഉല്‍പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, മാലിന്യസംസ്‌കരണം എന്നിവയാണ് ഉച്ചകോടിയില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലകള്‍.

വിവിധ വേദികളില്‍ 28 സെഷനുകളിലായി നടക്കുന്ന ചര്‍ച്ചകളില്‍ ഇരുന്നൂറിലേറെ പ്രഭാഷകരും  ഷാര്‍ജ, അബുദാബി, ദുബായ്, സ്വിസ്, ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സാംസ്‌കാരിക സന്ധ്യയും വിനോദ പരിപാടികളുമുണ്ടാകും. 10 വകുപ്പുകള്‍ 10 ബി2ബി സാധ്യതകള്‍ അവതരിപ്പിക്കും. നിക്ഷേപ നിര്‍ദേശങ്ങളുമായി എത്തുന്ന സംരംഭകരുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന സാധാരണ രീതി ഉണ്ടാവില്ലെന്നും പകരം താത്പര്യപത്രം മാത്രമേ ഉണ്ടാവൂ എന്നും അവ പരമാവധി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പി.രാജീവ് അറിയിച്ചു.

l

Similar News