ആര്‍.സി.സി വിശ്രമമുറിയില്‍ ഒളിക്യാമറ; പരാതിയുമായി വനിതാ ജീവനക്കാര്‍; നടപടിയെടുക്കാതെ ആര്‍.സി.സി

Update: 2024-12-30 05:59 GMT

തിരുവനന്തപുരം; വനിതാ ജീവനക്കാരുടെ വിശ്രമമുറിയില്‍ ഒളിക്യാമറാ സ്ഥാപിച്ച് സ്വകാര്യ പകര്‍ത്തിയെന്ന് പരാതി. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലാണ് സംഭവം. മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തിലെ വനിതാ ജീവനക്കാരുടെ വിശ്രമമുറിയിലാണ് ലാബ് ടെക്‌നീഷ്യനായ സൂപ്പര്‍വൈസര്‍ പെന്‍ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങളും സംഭാഷണങ്ങളും പകര്‍ത്തിയത്. ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കെ.ആര്‍ രാജേഷിനെതിരെ ഒന്‍പത് വനിതാ ജീവനക്കാര്‍ ഡയറക്ടര്‍ക്കും ആഭ്യന്തര പരിഹാര സെല്ലിനും പരാതി നല്‍കിയതിന് പിന്നാലെ ഇയാളെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ക്യാഷ് കൗണ്ടറിലേക്ക് മാറ്റി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമമെന്നാണ് വനിതാ ജീവനക്കാര്‍ പറയുന്നത്. പരാതി പൊലീസിന് കൈമാറാതെ ഇയാളെ സംരക്ഷിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്നും ജീവനക്കാര്‍ ആരോപിച്ചു. സെപ്തംബര്‍ 25നാണ് ആദ്യം പരാതി നല്‍കിയത്. രണ്ട് മാസത്തോളം നടപടിയില്ലാത്തതിനാല്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിനെ സമീപിച്ചു. ജീവനക്കാരനെതിരെ നടപടി കൈക്കൊള്ളണമെന്ന് സെല്ല് നിര്‍ദേശിച്ചു. എന്നാല്‍ ലബോറട്ടറി സയന്‍സ് യോഗ്യതയുള്ള ഇയാളെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വനിതാ ജീവനക്കാര്‍ പറയുന്നു.

Similar News