സംസ്ഥാനത്ത് മഴ കനക്കുന്നു; ശക്തമായ കാറ്റില്‍ പലയിടത്തും മരം കടപുഴകി വീണു; വീട് തകര്‍ന്നു; പലയിടത്തും വന്‍ നാശനഷ്ടങ്ങള്‍
കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് ആണെങ്കിലും അതിശക്തമായ മഴയില്ല;
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും പലയിടത്തും മരം കടപുഴകി വീണ് അപകടങ്ങളുണ്ടായി. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരങ്ങള്‍ വ്യാപകമായി കടപുഴകി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലെ കുറ്റന്‍ മരവും ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്തെ വലിയമരവും കടപുഴകി വീണു. ശക്തമായ കാറ്റില്‍ കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നു.
നഗരത്തില്‍ വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളയമ്പലത്ത് രാജ് ഭവന് മുന്നില്‍ ഉള്‍പ്പെടെ, പ്രധാന റോഡുകളിലെല്ലാം മരങ്ങള്‍ കടപുഴകി.
നെയ്യാറ്റിന്‍കരയില്‍ മരങ്ങള്‍ വീണ് പെരുമ്പഴുതൂര്‍ സ്വദേശി സുനില്‍ കുമാറിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. പെരുമ്പഴുതൂര്‍ സ്വദേശി ജയന്റെ 100 ഓളം കുലച്ച വാഴ കാറ്റില്‍ ഒടിഞ്ഞു വീണു. അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ വന്‍ കൃഷി നാശമാണ് സംഭവിച്ചത്.
കൊല്ലത്ത് നഗര പ്രദേശങ്ങളിലും കിഴക്കന്‍ മലയോര മേഖലയിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയാണ്. രാത്രിയുണ്ടായ മഴയിലും കാറ്റിലും പുനലൂര്‍ ഐക്കരക്കോണത്ത് വീടിന് മുകളിലേക്ക് മരം വീണ് വിശ്വംഭരന്‍ എന്നയാളുടെ വീട് തകര്‍ന്നു. മേല്‍ക്കൂരയും വീട്ടിലെ ഉപകരണങ്ങളും നശിച്ചു. വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. അഞ്ചല്‍ ഇടമുളയ്ക്കലില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു വീണു. പലയിടങ്ങളിലും മരത്തിന്റെ ചില്ലകള്‍ ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം തകരാറിലായി.
കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് ആണെങ്കിലും അതിശക്തമായ മഴയില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നു. ഒപ്പം ശക്തമായ കാറ്റുമുണ്ട്. ബീച്ചുകളിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
ക്വാറികള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍ദേശിച്ചു. മഴ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ കരുതിയിരിക്കണം എന്നും മുന്നറിയിപ്പുണ്ട്.