മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി. മനു കൊല്ലത്തെ വീട്ടില്‍ മരിച്ച നിലയില്‍

കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.;

Update: 2025-04-13 08:56 GMT

കൊല്ലം: മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി. മനുവിനെ കൊല്ലത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

ഞായറാഴ്ച രാവിലെ അഭിഭാഷകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മനുവിനെതിരെ നേരത്തെ പീഡന ആരോപണം ഉയര്‍ന്നിരുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായുള്ള പരാതിയും ഉയര്‍ന്നിരുന്നു. ഇതോടെ പി.ജി. മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യം കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്.

കേസുമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു മനുവിനെതിരായ പരാതി. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

പി.ജി. മനു പെണ്‍കുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)

Similar News