'കെപിസിസി പ്രസിഡണ്ടായി കെ സുധാകരന്‍ തുടരണം'; കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും

'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാം പോസ്റ്ററുകളില്‍ കാണാം;

Update: 2025-05-06 10:43 GMT

കണ്ണൂര്‍: കെപിസിസി പ്രസിഡണ്ടായി കെ സുധാകരന്‍ തുടരണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ ഫ് ളെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. 'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാം പോസ്റ്ററുകളില്‍ കാണാം. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ് ളെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അണികള്‍ കെ.എസ് എന്നു വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടത്തിയതിലൂടെ എതിര്‍പ്പിന്റെ വ്യക്തമായ സൂചനയാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ളത്. നേരത്തെ പാലക്കാടും സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു.

കെ സുധാകരനെ അനുകൂലിച്ച് പാല ഈരാറ്റുപേട്ട പൂഞ്ഞാര്‍ പ്രദേശങ്ങളിലും ഫ് ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ സുധാകരന്‍ കെപിസിസി പ്രസിഡണ്ടായി തുടരണം എന്ന് സേവ് കോണ്‍ഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോര്‍ഡുകളില്‍ പറയുന്നു.

പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ള നായകനാണ് കെ സുധാകരന്‍ എന്നും ബോര്‍ഡില്‍ കാണാം. ആന്റോ ആന്റണിയുടെ രാഷ്ട്രീയ തട്ടകത്തിലാണ് ബോര്‍ഡുകള്‍ അധികവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Similar News