തിരുവമ്പാടിയിലെ കുടുംബ സംഗമം; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ പിവി അന്‍വറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്
തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്‌മാന്‍, അറഫി കാട്ടിപ്പരുത്തി, ഫൈസല്‍ മാതാം വീട്ടില്‍, റഫീഖ് പുല്ലൂരാംപാറ എന്നിവര്‍ക്കെതിരെയാണ് നടപടി;
കോഴിക്കോട്: തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട് സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കി മുസ്ലിം ലീഗ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെ ക്ഷണിച്ച് പരിപാടി നടത്തിയവര്‍ക്കെതിരെയാണ് നടപടി.
നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു ഈ മാസം 15 ന് മുസ്ലീം ലീഗ് വിമതര്‍ തിരുവമ്പാടിയില്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. പരിപാടിയുടെ സംഘാടകരായ നാലു പേരെയാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. മുസ്ലിം ലീഗ് നേതൃത്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം അബ്ദുറഹ്‌മാന്‍, അറഫി കാട്ടിപ്പരുത്തി, ഫൈസല്‍ മാതാം വീട്ടില്‍, റഫീഖ് പുല്ലൂരാംപാറ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ നടന്ന പരിപാടി ചര്‍ച്ചയായതിന് പിന്നാലെ മുസ്ലിം ലീഗിന് പരിപാടിയില്‍ ബന്ധമില്ലെന്ന് വിശദീകരിച്ച് നേതൃത്വം രംഗത്ത് വന്നിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അബ്ദുറഹ്‌മാന്‍ അടക്കമുള്ളവര്‍ക്ക് ലീഗ് നേതൃത്വം നിര്‍ദേശവും നല്‍കിയിരുന്നു.