താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു; പ്രതിഷേധവുമായി ജീവനക്കാര്‍

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്;

Update: 2025-10-08 09:42 GMT

വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോക്ടര്‍ വിപിന്റെ തലക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറയുന്നത്. വളരെ പെട്ടെന്നുള്ള ആക്രമണമായിരുന്നുവെന്നും എന്റെ മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടറെ വെട്ടിയതെന്നും ഇയാള്‍ പറയുന്നു.

കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാള്‍ ആരോപിച്ചിരുന്നു. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടി. രണ്ടു മക്കളുമായാണ് സനൂപ് ആശുപത്രിയില്‍ എത്തിയത്. പിന്നീട് കുട്ടികളെ പുറത്ത് നിര്‍ത്തി സൂപ്രണ്ടിന്റെ റൂമിലെത്തുകയായിരുന്നു. എന്നാല്‍ സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയതെന്നാണ് കരുതുന്നത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.

പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.

സംഭവത്തില്‍ കെജിഎംഒഎ പ്രതിഷേധം അറിയിച്ചു. ജോലി സുരക്ഷ ഉറപ്പാക്കുന്നതില്‍ സിസ്റ്റം പരാജയപ്പെട്ടെന്ന് കെജിഎംഒഎ പറഞ്ഞു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും വന്ദന ദാസ് കൊല്ലപ്പെട്ട സമയത്ത് നല്‍കിയ ഉറപ്പുകള്‍ പാഴായെന്നും കെജിഎംഒഎ പറഞ്ഞു.

താമരശേരിയിലെ താലൂക്ക് ആശുപത്രി ജീവനക്കാര്‍ സേവനം നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയാണ്. താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ സേവനവും നിര്‍ത്തിവെക്കുന്നതായി കെജിഎംഒഎ അറിയിച്ചു. മറ്റു ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും സംഘടന അറിയിച്ചു.

Similar News