കാസര്‍കോട്: ചുട്ടുപൊള്ളുന്ന വെയില്‍ മഴയ്ക്ക് വഴിമാറുന്ന പോലെയാണ് കേരളത്തില്‍ പൊതുവേ ഇപ്പോള്‍ കാലാവസ്ഥ. ആകാശം മേഘാവൃതമായി. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളം തൊടാനുള്ള നാളുകള്‍ എണ്ണപ്പെട്ടു. കേരളത്തില്‍ മെയ് 27ന് കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മേഘരൂപീകരണം നടക്കുകയാണ്. കേരളത്തില്‍ കാലാവസ്ഥാ മാറ്റം പ്രകടമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രവചനം ഫലിച്ചാല്‍ മെയ് 27ന് അഥവാ നേരത്തെ മണ്‍സൂണ്‍ എത്തുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് , തെക്കന്‍ ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.