സംസ്ഥാനത്ത് എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 60344 ആയി ഉയര്‍ന്നിട്ടുണ്ടെന്നും രത്തന്‍ കേല്‍ക്കര്‍;
തിരുവനന്തപുരം: ബുധനാഴ്ച വൈകിട്ട് 6 മണിയോടെ എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍. വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുക(Untraceable Forms)ളുടെ എണ്ണം 60344 ആയി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടര്‍മാരുടെ 0.22% വരും. എന്നാല്‍ ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എല്‍ ഒ മാരും മുഴുവന്‍ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
എണ്ണല്‍ ഘട്ടം നവംബര്‍ 4 ന് ആരംഭിച്ച് ഡിസംബര്‍ 4 വരെ തുടരും. കരട് പട്ടിക ഡിസംബര്‍ 7 ന് പ്രസിദ്ധീകരിക്കും, തുടര്‍ന്ന് ക്ലെയിം, എതിര്‍പ്പ് എന്നിവയ്ക്കുള്ള സമയവും ഫെബ്രുവരി 9 ന് അന്തിമ പട്ടിക പുറത്തിറക്കും.
ഈ വിഷയത്തില്‍ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയില്‍ പരാതികള്‍ ഉണ്ടാവാതിരിക്കുന്നതിനുമായി, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദ്ദേശം ചെയ്ത ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് അടിയന്തരമായി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ ബി.എല്‍.ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഫോമുകള്‍ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 'കളക്ഷന്‍ ഹബ്ബുകള്‍' കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരുന്നു. നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഹബ്ബുകള്‍ താന്‍ ഇന്ന് സന്ദര്‍ശിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലക്ടര്‍മാരും ഇത്തരം ഹബ്ബുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരില്‍ ബി എല്‍ ഒ ജീവനൊടുക്കിയതും സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അനീഷ് ജോര്‍ജായിരുന്നു ആത്മഹത്യ ചെയ്തത്. അമിത ജോലി സമ്മര്‍ദമാണ് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപക-ടീച്ചേഴ്സ് സര്‍വീസ് ഓര്‍ഗനൈസേഷനുകളുടെയും ആക്ഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുകയാണ്.
എന്നാല്‍ എസ്.ഐ.ആറില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. SIR ഫോം വിതരണം വേഗത്തിലാക്കണമെന്നും, അല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോമുകള്‍ കുറവെന്ന് കാണിച്ച് കോഴിക്കോട് ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പിഡബ്ല്യൂഡിയിലെ സീനിയര്‍ ക്ലര്‍ക്കായ അസ്ലമിനാണ് സബ് കലക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അസ്ലമിന് ചുമതലയുള്ള ബൂത്തിലെ 954 വോട്ടര്‍മാരില്‍ 390 പേര്‍ക്ക് മാത്രമാണ് ഫോമുകള്‍ വിതരണം ചെയ്തതെന്ന് കാണിച്ചാണ് നോട്ടീസ്.